പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കുഞ്ഞ് എവിടെയാണെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന് ആവശ്യപ്പെട്ടു. പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ മാത്രമായി പൊലീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനിടെ അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുന്നതാണ് അഭികാമ്യമെന്നും വീണാ ജോര്‍ജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
അനുപമ പറയുന്ന കാലയളവില്‍ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതില്‍ ഒരാളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചു നല്‍കൂവെന്നാണ് മനസിലാകുന്നതെന്നും അവിടെ അമ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന് കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷന് കേസെടുത്തത്.


