തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പെറ്റമ്മയില്‍ നിന്നു നവജാത ശിശുവിനെ വേര്‍പെടുത്തി കടത്തിയ സംഭവം സിപിഎം അറിഞ്ഞിരുന്നു എന്നതിന് സ്ഥിരീകരണം. അനുപമയുടെ അച്ഛനും പാര്‍ടി ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടു നല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചെന്നായിരുന്നു മറുപടി. അനുപമയോട് നിയമപരമായി നീങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും ആനാവൂര്‍ നാഗപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
ക്രിമിനല്‍ കുറ്റമായതിനാല്‍ ശിശുക്ഷേമ സമിതിയില്‍ നടന്ന കാര്യങ്ങള്‍ പുറത്തു പറയാനാകില്ലെന്നാണ് ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന് അറിയച്ചതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
മകളുടെ ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തിയെന്ന കേസില്‍ ആദ്യം പാര്‍ടിയെ സമീപിച്ചത് അനുപമയുടെ അച്ഛനാണെന്നു പാര്‍ടി കുടുംബമായതിനാല്‍ അന്നു തന്നെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നെന്നും ജില്ലാ സെക്രട്ടറി പറയുന്നു. പിന്നീട് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു കത്തു മുഖേന ജില്ലാ കമ്മിറ്റിയെ അറിയിച്ചപ്പോഴും സമാനമായിരുന്നു പാര്‍ടി നിലപാടെന്നായിരുന്നു ആനാവൂരിന്റെ പ്രതികരണം. പിന്നീടാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയോടും ഇക്കാര്യം സംസാരിച്ചെന്നും ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു.
അതേസമയം കുട്ടി അമ്മയുടെ അവകാശമെന്നതാണ് പാര്‍ടിയുടെ പ്രഖ്യാപിത നിലാപടെന്നും ആനാവൂര്‍ പറഞ്ഞു. എന്നാല്‍ കുട്ടിയെ മാതാപിതാക്കള്‍ തട്ടിയെടുത്തെന്ന പരാതി നിലനില്‍ക്കവെ, പിതാവിനെ ലോക്കല്‍ കമ്മിറ്റിയംഗമായും സിഐടിയു സംസ്ഥാന ട്രഷററായി ഉയര്‍ത്തുകയും ചെയ്തെന്ന അനുപമയുടെ പരാതിയോട് ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം ഇതായിരുന്നു. ജില്ലാ സെക്രട്ടറിയുടെ പ്രതികരണത്തോടെ വിവാദത്തില്‍ പാര്‍ടിക്ക് അറിവുണ്ടായിരുന്നെന്നു വ്യക്തമായിരിക്കുകയാണ്.
ആനാവൂര്‍ നാഗപ്പന്റെ വാക്കുകള്‍:
പെണ്‍കുട്ടിയുടെ പരാതി കിട്ടിയിരുന്നു. കുഞ്ഞിനെ അമ്മയെ ഏല്‍പ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചു വരുത്തി സംസാരിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചെന്നായിരുന്നു മറുപടി. ശിശുക്ഷേ സമിതി സെക്രട്ടറി ഷിജുഖാനെ വിളിച്ചു വരുത്തി സംസാരിച്ചു. നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചായിരുന്നു നടപടികള്‍ എന്ന് ഷിജുഖാന് അറിയിച്ചു. കുഞ്ഞിനെക്കുറിച്ച് പറഞ്ഞാല്‍ വെളിപ്പെടുത്തിയാല്‍ അത് ക്രിമിനല്‍ കുറ്റമാകുമെന്നും നിയമപരമായ നടപടികളിലൂടെ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്നും ഷിജുഖാന് അറിയിച്ചു. നിയമപരമായി നീങ്ങുകയല്ലാതെ പാര്‍ട്ടിക്ക് ഒന്നും ചെയ്യുനാവില്ല എന്നറിയിച്ചുവെന്ന് ആനാവൂര്‍ നാഗപ്പന് പറഞ്ഞു. നിയമപരമായി നീങ്ങാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും പെണ്‍കുട്ടിയെ അറിയിച്ചു.
ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നിലപാട് തെറ്റാണെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു. അജിത്ത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന് വീഴ്ചയുണ്ടായോ എന്നറിയില്ല. എന്നാല്‍ ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന് വ്യക്തമാക്കി.


