കോവിഡ് വാക്സിനേഷന് 100 കോടിയെന്ന ചരിത്ര മുഹൂര്‍ത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വാക്സിനേഷന് നേട്ടത്തെക്കുറിച്ചു സംസാരിച്ചത്. ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണിത്. ഇന്ത്യയുടെ വാക്സീനേഷന് യജ്ഞത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരമായെന്നും പ്രധാനമന്ത്രി.
ഏത് കഠിന ലക്ഷ്യവും നേടിയെടുക്കുമെന്ന സന്ദേശം ഇന്ത്യ ലോകത്തിന് നല്കി. ഇന്ത്യയോട് ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷനെന്ന നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിജയത്തെ ലോകരാജ്യങ്ങള്‍ ആദരവോടെ പരിഗണിക്കുന്നു. ഇന്ത്യയുടെ നേട്ടം ആരോഗ്യ മേഖലയിലെ ശക്തി പ്രകടമാക്കി. ഇന്ത്യയെ ഒരു ഫര്‍മാ ഹബ് ആയി ലോക രാജ്യങ്ങള്‍ പരിഗണിച്ചു. എന്നാല്‍ വാക്സിനെതിരായ പ്രചാരണം ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണും. രാജ്യം ശുഭാപ്തി വിശ്വാസത്തില്‍, സാമ്പത്തികം മെച്ചപ്പെട്ടു, തൊഴിലവസരം കൂടി. തദ്ദേശീയ ഉല്പനങ്ങള് വാങ്ങുന്നത് ശീലമാക്കണമെന്നും നരേന്ദ്ര മോദി. രോഗത്തിന് ആരോടും വിവേചനമില്ല, വാക്സീനേഷനിലും വിവേചനം ഉണ്ടായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൈയടിച്ചാലും വിളക്ക് കത്തിച്ചാലും കൊവിഡ് പോകുമോ എന്ന് പരിഹസിച്ചവരുണ്ട്. അതെല്ലാം ഐക്യത്തിനുള്ള യജ്ഞമായിരുന്നുവെന്ന് പ്രധാനമന്ത്രി.


