സ്പ്രിംക്ലര്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയമോപദേശം തേടാത്തത് വീഴ്ചയാണ്. വിവരച്ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് ശാസ്ത്രീയ സംവിധാനങ്ങളില്ല. 1.84 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിംക്ലറിന് ലഭ്യമായതായും മാധവന് നമ്പ്യാര്‍- ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും വിദഗ്ധസമിതി നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
23 പേജുള്ളതാണ് റിപ്പോര്‍ട്ട്. കരാറില്‍ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാറിനെ സമീപിച്ചത് സ്പ്രിംക്ലറാണെന്നും കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ തന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞെതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 200 കോടിയുടെ വ്യക്തിവിവരങ്ങള്‍ കമ്പനിക്ക് കിട്ടിയിട്ടുണ്ട്. കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് രോഗികളുടെ വിവര വിശകലനത്തിന് സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതില്‍ വീഴ്ചയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ആരോപണം.
മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന് നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന് ഗുല്‍ഷന്‍ റോയിയും അടങ്ങിയ കമ്മിറ്റി സമര്‍പ്പിച്ച 23 പേജുള്ള റിപ്പോര്‍ട്ടിലാണ് സ്പ്രിന്‍ക്ലറുമായി കരാറിലെത്തിയതിലെ വീഴ്ചകള്‍ എണ്ണി പറഞ്ഞിരിക്കുന്നത്. കരാറിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ല. നിയമ സെക്രട്ടറിയുടെ ഉപദേശം തേടാത്തത് നടപടിക്രമത്തിലെ വീഴ്ചയാണ്. കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തതും ഒപ്പിട്ടതും ശിവശങ്കര്‍ തന്നെയാണ്.
കോവിഡ് വിവരശേഖരണത്തിന്റെ ഭാഗമായെടുത്ത 1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിന്‍ക്ലറിന് ലഭ്യമായെന്നും കമ്മിറ്റി കണ്ടെത്തി. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള ഗൗരവമുള്ള വിവരങ്ങളൊന്നും ഇതിലില്ല. പനി, ഛര്‍ദി പോലെയുള്ള രോഗങ്ങളുടെ വിവരങ്ങള്‍ മാത്രമേ ഈ ഡാറ്റിയിലുള്ളു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പ്രിന്‍ക്ലര്‍ മേധാവിയായ മലയാളി രാഗി തോമസ് അടക്കമുള്ളവരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി കമ്മിറ്റി വിവരശേഖരണം നടത്തി. വിവരചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താന്‍ സര്‍ക്കാരിന് നിലവില്‍ സംവിധാനങ്ങളില്ലെന്നും കമ്മിറ്റി കണ്ടെത്തി.
ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് എട്ടിന നിര്‍ദേശങ്ങളും കമ്മിറ്റി നല്‍കിയിട്ടുണ്ട്. സിഡിറ്റിനെയും ഐ.ടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണം, സിഡിറ്റ് ജീവനക്കാര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്‍കണം, സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യാമേഖല ശക്തമാക്കണം, സൈബര്‍ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനല്‍ ചെയ്യണം എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍. സുപ്രധാന വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വിദഗ്ധസമിതി മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്പ്രിന്‍ക്ലറുമായി കരാര്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ നല്കിയ ടൂള്‍ വിവരവിശകലനത്തിന് ഇതുവരെ ഉപയോഗിച്ചിട്ടുമില്ല.


