നയതന്ത്ര പാഴ്സല്‍ വിവാദത്തില്‍ സിപിഎം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. കൗണ്‍സില്‍ ജനറലുമായി തനിക്ക് 2017 മുതല്‍ ബന്ധമുണ്ടായിരുന്നുവെന്നും 2017 മുതല്‍ കൗണ്‍സില്‍ ജനറലിന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നാ സുരേഷുമായും പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2017 ല്‍ കൗണ്‍സില്‍ ജനറലുമായി താന്‍ പരിചയപ്പെടുന്നത് ഷാര്‍ജാ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ച സമയത്താണെന്നും ഈ സമയത്ത് മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് താനാണെന്നും ഈ സാഹചര്യത്തിലാണ് അടുപ്പമുണ്ടായതെന്നും ജലീല്‍ പറഞ്ഞു. ഷാര്‍ജാ സുല്‍ത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്നാ സുരേഷായിരുന്നു. അന്ന് ഞാനുമായി പരിചയപ്പെട്ടിട്ടുണ്ട്. ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാകും ഇനി ജലീലിനെ ചോദ്യം ചെയ്യുക. 22നാണ് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഫോണ്‍ കോളുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങള്‍ മന്ത്രിയില്‍ നിന്ന് ചോദിച്ചറിയും. മന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കും. വിദേശയാത്രകളില്‍ ഒപ്പം ആരൊക്കെയുണ്ടായിരുന്നു, അവിടെ ആരെയൊക്കെയാണ് മന്ത്രി സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
സ്വപ്നയുമായും കോണ്‍സുലേറ്റുമായും തനിക്ക് ഔദ്യോഗിക ബന്ധം മാത്രമെയുള്ളുവെന്നാണ് മന്ത്രി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പൂര്‍ണമായി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. ഔദ്യോഗിക ബന്ധത്തിനപ്പുറത്തുള്ള ബന്ധങ്ങള്‍ മന്ത്രിക്ക് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.


