അഫ്ഗാനിസ്ഥാനില്‍ നിന്ന് തന്റെ കുടുബത്തെ രക്ഷപ്പെടുത്തിയതില്‍ ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാന് യുവതി. താലിബാന് തന്റെ വീട് ചുട്ടെരിച്ചെന്നും മകള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പമാണ് താന്‍ ഇന്ത്യയില്‍ എത്തിയതെന്നും യുവതി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി രാജ്യത്ത് എത്തിച്ച 168 യാത്രക്കാരില്‍ പെട്ടയാളാണ് യുവതി.
‘അഫ്ഗാനിസ്ഥാനിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ എന്റെ മകള്‍ക്കും രണ്ട് ചെറുമക്കള്‍ക്കുമൊപ്പം ഇവിടെ വന്നു. ഇന്ത്യന്‍ സഹോദരങ്ങള്‍ ഞങ്ങളുടെ രക്ഷക്കെത്തി. താലിബാന് ഞങ്ങളുടെ വീട് ചുട്ടെരിച്ചു. ഞങ്ങളെ സഹായിച്ചതില്‍ ഞാന്‍ ഇന്ത്യക്ക് നന്ദി അറിയിക്കുകയാണ്.”- യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയില്‍ എത്തിച്ചവര്‍ക്ക് പോളിയോ വാക്സിന് എടുക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. സൗജന്യമായാണ് വാക്സിന് എടുക്കുക. ഇവര്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് പോളിയോ വാക്സിന് എടുക്കുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രമാണ് നിലവില്‍ പോളിയോ മഹാമാരി നിലനില്‍ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന് പിടിച്ചടക്കിയതിനു പിന്നാലെ കാബൂളില്‍ നിന്ന് ഞായറാഴ്ച 168 പേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ഇതില്‍ 107 പേര് ഇന്ത്യക്കാരാണ്. അതിനു മുന്‍പ് എംബസി ജീവനക്കാരും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടെ 200 പേരെയും ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു.
കാബൂള്‍ വിമാനത്താവളത്തിനരികെയുണ്ടായ ആള്‍ത്തിരക്കില്‍ ഏഴ് പേര് മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാന് പൗരന്മാരാണ്. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച കാബൂളില്‍ നിന്ന് ഒഴിപ്പിച്ചത് 2500 അമേരിക്കക്കാരെയെന്ന് മേജര്‍ ജനറല്‍ വില്ല്യം ടെയ്ലര് അറിയിച്ചിരുന്നു. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 17,000 പേരെയാണ് ആകെ ഒഴിപ്പിച്ചത്. ഇതില്‍ 2500 പേര് അമേരിക്കന്‍ പൗരന്മാരാണ്. ഇനി അഫ്ഗാനിസ്ഥാനില്‍ എത്ര അമേരിക്കക്കാര്‍ ഉണ്ട് എന്നതിനെപ്പറ്റി കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.


