സംസ്ഥാനത്തു പൊതു മേഖലയില്‍ നിര്‍മിക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്റര്‍ കാക്കനാട് ഒരുങ്ങുന്നു. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്സ്വേയില്‍ ഇന്‍ഫോപാര്‍ക്ക് സൗത്ത് ഗേറ്റിന് സമീപം നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്ററിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ജൂണ്‍ 23ന് വൈകീട്ട് 4.30 ന് തറക്കല്ലിടും. ഉമ തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
കിന്‍ഫ്രയുടെ നേതൃത്വത്തില്‍ 90 കോടി രൂപ മുതല്‍ മുടക്കിയാണ് എക്സിബിഷന് കം കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിക്കുന്നത്. 10 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന കണ്വെന്ഷന് സെന്ററില്‍ എക്സിബിഷന്, കോണ്‍ഫറന്‍സ്, കണ്വെന്ഷന് എന്നിവയ്ക്കുള്ള സ്ഥിരം വേദി ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ വ്യവസായ, കാര്‍ഷിക, സാമ്പത്തിക മേഖലകള്‍ക്ക് എക്സിബിഷന് സെന്ററിന്റെ വരവ് നേട്ടമാകുമെന്നാണ് പ്രതീക്ഷ.
ചടങ്ങില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്, വാര്‍ഡ് കൗണ്‍സിലര്‍ എം.ഒ വര്‍ഗീസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന് ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ടി. ബി അമ്പിളി, ടൈ കേരള ഗവേണിംഗ് ബോര്‍ഡ് അംഗം അജിത് എ. മൂപ്പന്, എഫ്.ഐ.സി.സി.ഐ. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ദീപക് എല്‍. അശ്വിനി, സി.ഐ.ഐ കേരള വൈസ് ചെയര്മാന് അജു ജേക്കബ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് തുടങ്ങിയവര്‍ പങ്കെടുക്കും.


