യു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. എംഎല്‍എ യോടു ജില്ലാ കമ്മിറ്റി വിശദീകരണം തേടാനാണ് തീരുമാനം. കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉള്‍പ്പെടെ പരാതി നല്‍കും. ഫേസ്ബുക്ക് പോസ്റ്റിലെ പരാതികള്‍ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയതായി സൂചന.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. കായംകുളത്തെ വോട്ടുചോര്‍ച്ച എവിടെയും ചര്‍ച്ചയായില്ലെന്ന് തുറന്നടിച്ച എം.എല്‍.എ കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നതായി പറഞ്ഞു. കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
”ബോധപൂര്‍വമായി എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്ത്തകന് പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാന പ്രകാരം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ വന്നത് ദുരൂഹമാണ്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ടുചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്”-ഫേസ്ബുക്ക് കുറിപ്പില്‍ പ്രതിഭ ചൂണ്ടിക്കാട്ടി.


