ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ച് കേന്ദ്ര മന്ത്രി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇരുവര്‍ക്കും കത്തയച്ചത്. ചൈന ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് പാര്‍ട്ടിക്ക് ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. പ്രതിരോധ കുത്തിവെയ്പ് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും മന്ത്രി ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്രയില്‍ കര്‍ശനമായ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം, മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കണം, പ്രതിരോധ കുത്തിവെയ്പ് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുക്കാന്‍ അനുവദിക്കാവു, ഇക്കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാണ് കത്തില്‍ പറയുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചോ എന്ന്് ഇതിന് മറുപടിയായി കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മന്‍സുഖ് മാണ്ഡവ്യ ഇഷ്ടപ്പെടുന്നില്ല, പക്ഷേ ആളുകള്‍ അത് ഇഷ്ടപ്പെടുകയും അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മാണ്ഡവ്യയെ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഇതുവരെ ഇങ്ങനൊരു കത്ത് കണ്ടിട്ടില്ലെന്നും മറ്റ് ഏതെങ്കിലും പൊതുയോഗങ്ങളില്‍ നിര്‍ബന്ധിത കൊവിഡ് പ്രോട്ടോക്കോളുകള്‍ ഉള്ളതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം അരോപിച്ചു.


