വയനാട് കുറുക്കന്മൂലയില് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഇന്നും തെരച്ചില്‍ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുര്‍ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വനത്തിനുള്ളില്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. കുംകി ആനയുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. മുറിവേറ്റതിനാല്‍ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.
മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും വനത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയില്‍ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ നിന്ന് പരിക്കേറ്റ കടുവ തന്നെയാണ് ഈ മേഖലയില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവ ഉള്‍വനത്തിലേക്ക് കടന്നതായാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇതുമൂലമാണ് കഴിഞ്ഞ ദിവസം മയക്കുവെടി വെക്കാന്‍ കഴിയാതിരുന്നത്.
എങ്കിലും കഴുത്തില്‍ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നല്‍കേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.