മന്ത്രി കെ.ടി. ജലീലിന് എതിരെ പ്രതികരണവുമായി എടപ്പാള്‍ സ്വദേശി യാസിര്‍. മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയിലാണ് യാസിറിന്റെ പ്രതികരണം.
മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാള്‍ സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം. അലിയും പ്രതികരിച്ചു. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടില്‍ റെയ്ഡ് നടത്തി. കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ജലീല്‍ നേരിട്ട് കോണ്‍സുലേറ്റിനെ സമീപിച്ചത് കുറ്റകരമാണെന്നാണ് വിലയിരുത്തല്‍. മകനെ ഇല്ലാതാക്കാന്‍ സ്വപ്ന സുരേഷിനെ ജലീല്‍ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു.
മന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി സൈബര്‍ ക്രൈമിന്റെ പേരില്‍ വീട്ടില്‍ രണ്ട് തവണ റെയ്ഡ് നടത്തിച്ചെന്ന് യാസര്‍ എടപ്പാള്‍ ആരോപിച്ചു.
‘ വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി രാജ്യദ്രോഹികളെ കൂട്ടുപിടിച്ചു, മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി നാട്ടില്‍ ഇല്ലാത്ത രീതിയില്‍ സൈബര്‍ ക്രൈം എന്ന പേരില്‍ വീട്ടില്‍ രണ്ട് തവണ റെയ്ഡ് നടത്തിച്ചു. താന്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് മന്ത്രിയുടെ പരാതി. എന്നാല്‍ വിഡിയോ ഇപ്പോഴും സമൂഹമാധ്യങ്ങളില്‍ ഉണ്ടെന്നും അത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലന്നും യാസിര്‍ പറഞ്ഞു’.


