കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാന്‍ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങള്‍ ഈ പ്രചാരണത്തിന്റെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വികസന കാര്യത്തില്‍ ഹൃദയവിശാലത വേണമെന്നും നാടിനോട് പ്രതിബദ്ധത ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. നാടിന്റെ വികസനകാര്യങ്ങളില്‍ എല്ലാവരും ഒപ്പം നില്‍ക്കണം. സര്‍ക്കാര്‍ ആരേയും മാറ്റി നിര്‍ത്തിയിട്ടില്ല. പ്രതിപക്ഷം വികസന സംഗമത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയായിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം വ്യവസായ സൗഹൃദമല്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് സംരഭക മഹാസമ്മേളനം. വ്യവസായ രംഗത്ത് കേരളം രാജ്യത്തിനാകെ മാതൃകയാണ്. സംരംഭകത്വ സംഗമം ചിലരുടെ കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ്. പരിപാടിയില്‍ നിന്ന് ആരേയും മാറ്റിനിര്‍ത്താനുള്ള ഒരാലോചനയും ഉണ്ടായിട്ടില്ല. പക്ഷേ നമുക്ക് ഒന്നിച്ച് നില്‍ക്കാനാകുന്നില്ല. ഇത് നമ്മുടെ നാടിന്റെ ഒരു ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ പതിനായിരത്തോളം സംരംഭകര്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,22,560 സംരംഭങ്ങളും 7496 കോടി രൂപയുടെ നിക്ഷേപവും ആകര്‍ഷിക്കാനായെന്നാണ് വ്യവസായ വകുപ്പിന്റെ കണക്ക്. രാജ്യത്തെ വ്യവസായ സൗഹൃദ റാങ്കിംഗ് പട്ടികയില്‍ 15ആമതാണ് കേരളം. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തി റാങ്ക് ഉയര്‍ത്തുകയാണ് മഹാ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.


