ഡല്‍ഹിയിലെ രാഖാബ് ഗന്‍ച് ഗുരുദ്വാരയില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കൂട്ടി നിശ്ചയിക്കാതെ രാവിലെയാണ് ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.
സുവര്‍ണ്ണ ക്ഷേത്രം കഴിഞ്ഞാന്‍ സിഖ് മതവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഡല്‍ഹിയിലെ രഖാബ് ഗന്‍ച് ഗുരുദ്വാര. ഞായറാഴ്ചകളില്‍ രാവിലെ മുതല്‍ ഇവിടെ വലിയ തിരക്കായിരിയ്ക്കും. കര്‍ഷക സമരം നടക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരും പ്രതീക്ഷിച്ചിരുന്നില്ല. പതിവ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒഴിവാക്കിയാണ് പ്രധാനമന്ത്രി എത്തിയത്. തുടര്‍ന്ന് സിഖ് ഗുരു തേജ് ബഹദൂറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.
ശനിയാഴ്ചയായിരുന്നു ഗുരു തേജ് ബഹദൂറിന്റെ ചരമവാര്‍ഷികം. ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി സമൂഹ മാധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. താന്‍ അനുഗ്രഹീതനായെന്നും ലോകത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹദൂറിന്റെ കാരുണ്യത്തില്‍ നിന്ന് പ്രചോദിതനായെന്നും സന്ദര്‍ശന ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു.


