കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന തളളി രാഹുല്‍ഗാന്ധി എംപി. ജനങ്ങളുടെ മികച്ച ഇടപെടല്‍ കൊവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ട്. കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വിമര്‍ശനങ്ങളോട് യോജിക്കാനാകില്ലെന്നും രാഹുല്‍. കോവിഡ് അവലോകന യോഗങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിയ രാഹുല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തി. സ്വര്‍ണക്കടത്ത് കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാരിനെ പൂര്‍ണമായി തളളാതെ രാഹുല്‍ പറഞ്ഞു. ചൈന രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും രാജ്യത്തിനകത്ത് ഭിന്നത വളര്‍ത്തി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു.
രാവിലെ രാഹുല്‍ വിളിച്ച് ചേര്‍ത്ത കൊവിഡ് അവലോകനയോഗത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനവിനിയോഗ അവലോകനയോഗത്തിലും സിപിഐഎം എംഎല്‍എമാര്‍ പങ്കെടുത്തില്ല. നേരത്തെ അറിയിച്ചില്ലെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. യുഡിഎഫ് പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് യോഗത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതും വിവാദമായി. കല്‍പ്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്റെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഒഴിവാക്കിയതെന്നാണ് ആരോപണം.
കോവിഡ് അവലോകന യോഗത്തിലേക്ക് ദുരന്തനിവാരണ ജില്ലാ അതോറിറ്റി വൈസ് ചെയര്മാന് കൂടിയായ ജില്ലാ പഞ്ചയത്ത് പ്രസിഡന്റിന് ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന നിര്‍ദേശം കലക്ടര്‍ അറിയിച്ചത്. കല്‍പ്പറ്റ എം.എല്‍. സി. കെ ശശീന്ദ്രന് രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തിയ ഇടപെടലാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് ആരോപണം.
മലപ്പുറം ജില്ലയില്‍ നടന്ന അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി. കെ.ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു. സ്കൂള്‍ കെട്ടിടത്തിന്റെ രാഹുല്‍ ഗാന്ധിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചതും വിവാദമായിരുന്നു.


