സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യആഴ്ച നടത്തുന്നത് സജീവ പരിഗണനയില്‍. വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന് പൊലീസിനോട് ആരായും. ഇക്കാര്യത്തില്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന താല്പര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് എങ്കിലും സുരക്ഷാ കാര്യങ്ങളില്‍ പൊലീസ് തടസം പറഞ്ഞാല്‍ മാത്രമെ മറിച്ചൊരു തീരുമാനം ഉണ്ടാകു.
ഡിജിപിയുമായുള്ള കൂടിക്കാഴ്ച്ച ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ നടക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി നല്‍കാനും കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കാരണം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം കിട്ടിയില്ലെന്ന പരാതികള്‍ പരിഗണിച്ചാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്. തീയതി ഉടന്‍ പ്രഖ്യാപിക്കും.
ഡിസംബര്‍ മധ്യത്തിന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുംവിധം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട്ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലാണ്. ഏഴ് ജില്ലകളില്‍ വീതം രണ്ട് ദിവസം പോളിങ് എന്ന രീതിയില്‍ ക്രമീകരിക്കാം. സുരക്ഷ, കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഇക്കാര്യം ആലോചിക്കുന്നത്.
എന്നാല്‍ ആഭ്യന്തരവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം അറിഞ്ഞശേഷം മാത്രമെ ഇക്കാര്യത്തില്‍ അവസാന തീരുമാനമുണ്ടാകൂ. ഒറ്റദിവസം കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. കോവിഡ് മാനദണ്ഡമനുസരിച്ചുള്ള പ്രചരണം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് കമ്മീഷന് പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കും.