വിവാദമായ ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിര്‍മാണ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. തദ്ദേശ, നിയമ വകുപ്പുകളിലെ ഫയലുകളാണ് മുഖ്യമന്ത്രി പരിശോധിക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ലൈഫ്മിഷനും യുഎഇ സര്‍ക്കാരിന് കീഴിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റും തമ്മില്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ സംബന്ധിച്ച ഫയലുകളാണ് മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. റെഡ്ക്രസന്റുമായുള്ള കരാര്‍, പദ്ധതിനടത്തിപ്പുകാരായി യൂണിടാക്ക് എന്ന കമ്പനിയെ തിരഞ്ഞെടുത്തത്, കമ്മിഷനായി വന്‍തുക കൈമാറിയെന്ന ആരോപണം ഇവയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരിശോധന.
ലൈഫ് മിഷന് പദ്ധതിക്ക് സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലായിരുന്നത് കൊണ്ട് ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പും കരട് ധാരണാ പത്രം പരിശോധിച്ചത് നിയമ വകുപ്പുമാണ്. ലൈഫ് മിഷന് സിഇഒ യു വി ജോസാണ് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടത്. ധാരണാ പത്രം തയാറാക്കിയത് കമ്പനി അധികൃതരായിരുന്നു. മുഖ്യമന്ത്രിയുടെ നീക്കം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ്. പരിശോധന എം ശിവശങ്കറിന്റെ ഇടപാടുകള്‍ അറിയാന്‍ വേണ്ടിയാണെന്നും വിവരം.
അതേസമയം 20 കോടിയാണ് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്റ് ഭവന സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണത്തിനായി കൈമാറിയത്. ഇതില്‍ നാലേകാല്‍ കോടി രൂപ സ്വപ്നസുരേഷിനും സന്ദീപിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനുമായി ലഭിച്ചു. ഇടപാടില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ തദ്ദേശഭരണ വകുപ്പ് മന്ത്രിയായ എ സി മൊയ്തീന് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും നേരിട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറാണ് വിഷയത്തിലെ ഇടപാടുകള്‍ നിയന്ത്രിച്ചതെന്നും വിവരമുണ്ട്. കൂടാതെ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ പെട്ടെന്ന് നീക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട്. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമമാണെന്ന് അനില്‍ അക്കര എംഎല്‍എ വാദിച്ചു. അട്ടിമറിക്കാനാണ് ശ്രമമെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തന്റെ കൈയിലുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. മുഖ്യമന്ത്രിയും തദ്ദേശ ഭരണ വകുപ്പും അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് ശുദ്ധ കളവാണെന്നും എംഎല്‍എ ആരോപിച്ചു.


