ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന് വധഭീഷണി. ആര്.എം.പി നേതാവ് എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കെ.കെ.രമയുടെ എംഎല്‍എ ഓഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതിനാലാണ് ടി പി വധത്തിന് കാരണം. ടിപിയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്തില്‍ പറയുന്നു. എന്‍.വേണു എസ്.പിക്ക് പരാതി നല്കി.
പി.ജെ ആര്‍മിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടി.പി ചന്ദ്രശേഖന് 2012 മേയ് 4നാണ് കൊല്ലപ്പെടുന്നത്. എസ്.എഫ്.ഐ, സിപിഐഎം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവര്‍ത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് 2009ല്‍ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്‍. വേണുവില്‍ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സിപിഐഎം നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി. ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.
വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികള്‍ ടിപി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകം വലിയ തോതിലുള്ള വിവാദങ്ങള്‍ക്ക് കാരണമായി. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിക്കപ്പെട്ടു. സിപിഐഎം ആരോപണങ്ങള്‍ നിഷേധിക്കുകയും ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സിപിഐഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്ക് പിന്നിലെന്നും ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടു.


