ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ നാളെ ഉദ്ഘാടനം ചെയ്യുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനെ ചൊല്ലി വിവാദം. ഉദ്ഘാടനത്തിന് കെ.സി വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാത്തതിനാല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നാളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്.
173 കോടിയുടെ പദ്ധതി ആലപ്പുഴയിലേക്ക് എത്തിച്ചത് കെ സി വേണുഗോപാല്‍ ആണെന്നാണ് കോണ്‍ഗ്രസ് വാദം. 2013-ല്‍ വേണുഗോപാല്‍ കേന്ദ്ര മന്ത്രിയായിരിക്കെയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനം ഭരിച്ചിരുന്നത് യുഡിഎഫുമായിരുന്നു. നേട്ടം ഹൈജാക്ക് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതിഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം. നാളത്തെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കില്ല. പരസ്യ പ്രതിഷേധത്തിനും സാധ്യതയുണ്ട്.