മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെ ഡല്‍ഹിയിലെ പ്രത്യേക പദവി ബിജെപി സര്‍ക്കാരുമായി സിപിഎം നടത്തിയ കരാര്‍ ഉടമ്പടി. ഒരുപാട് കാര്യങ്ങള്‍ക്കുള്ള ഒത്തുതീര്‍പ്പാണ് കെ.വി. തോമസിന്റെ നിയമനത്തില്‍ നടന്നത്. സംഘപരിവാര്‍ ബന്ധത്തിന്റെ ഇടനിലക്കാരനായാണ് തോമസിന്റെ നിയമനമെന്ന് പ്രതിപക്ഷം ആരോപണം ശരിവക്കുന്ന തരത്തിലാണ് സമീപകാല സംഭവങ്ങള്‍.
സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്സണ്‍ ഓഫിസറായി കെ.വി തോമസിനെ നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസ് വിട്ട ശേഷം കെ.വി.തോമസ് നടത്തിയ ബെംഗളൂരു- ഡല്‍ഹി യാത്രകള്‍ പരിശോധിച്ചാല്‍ അദ്ദേഹം നിരന്തരമായി സംഘപരിവാര്‍ നേതാക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നെന്ന് വ്യക്തമാകുമെന്നും സതീശന് പറഞ്ഞു.
പല കാര്യങ്ങളും ഒത്തുതീര്‍പ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് കെ.വി. തോമസിനെ നിയമിച്ചിരിക്കുന്നത്. ശമ്പളമോ സാമൂഹിക സുരക്ഷാ പെന്‍ഷനോ നല്‍കാനാകാത്തത്രയും പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന കെ.വി. തോമസിന്റെ നിയമനം എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ചെലവ് ചുരുക്കണമെന്ന സര്‍ക്കാരിന്റെ വാക്കുകളുടെ സന്ദേശം ഇതാണോയെന്നും വിഡി സതീഷന് പറഞ്ഞു.
അതേസമയം ഡല്‍ഹിയിലെ ഇടപെടലുകള്‍ക്കൊപ്പം ക്രൈസ്തവ സഭകളുമായുള്ള ബന്ധം കൂടി കെ.വി.തോമസിന്റെ ദൗത്യമായി സിപിഎം കാണുന്നു. ക്രൈസ്തഭ സഭയെ കൂട്ടത്തോടെ ഒപ്പംകൂട്ടാന്‍ നടത്തിയ പണികളപ്പാടെ പാളിയ സംഘപരിവാരവുമായും തോമസ് മാഷിനുള്ളത് നല്ല ബന്ധം തന്നെ എന്നതും ദൗത്യത്തിന്റെ ഗുണഭോക്താവ് ആരാകും എന്നകാര്യത്തില്‍ സംശയം ജനിപ്പിക്കുന്നുണ്ട്.
തോമസിന് സര്‍ക്കാര്‍ പദവി നല്‍കുമെന്ന വാഗ്ദാനം മാസങ്ങള്‍ വൈകിയാണങ്കിലും സിപിഎം നേതൃത്വം പാലിച്ചു. വി.എസ്. അച്യുതാനന്ദന് വഹിച്ച ഭരണപരിഷ്കാര കമ്മിഷന്, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്നീ രണ്ടു നിര്‍ദ്ദേശങ്ങളാണ് സിപിഎം മുന്നോട്ടുവച്ചത്. തോമസ് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചത് ഡല്‍ഹി ദൗത്യവും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തോമസ് പാളയത്തില്‍ ഉണ്ടായിട്ടും സിപിഎം തോറ്റു തുന്നം പാടി എങ്കിലും വാക്കുമാറാതെ തോമസിനെ പദവിയിലെത്തിച്ചതും ചില ഒത്തുതീര്പ്പുകളാല് തന്നെയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗമായ എം.എ.ബേബി എന്നിവരുമായി അടുത്ത സൗഹൃദത്തിലാണ് തോമസ്, പിണറായിയുമായി നിരന്തര സമ്പര്‍ക്കവുമുണ്ട്.