ആലുവ- പെരുമ്പാവൂര്‍ റോഡ് വിഷയത്തില്‍ ഇന്നും സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡുകളില്‍ കുഴി രൂപപ്പെടുമ്പോള്‍ മുതല്‍ നടപടി സ്വീകരിച്ച് തുടങ്ങണമെന്നും ആളുകള്‍ മരിക്കുന്നത് വരെ കാത്തിരിക്കാതെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വന്തം ജോലിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എഞ്ചിനീയര്‍മാരുടെ പണി ബില്‍ പാസാക്കല്‍ മാത്രമാണോ എന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
കിഫ്ബി ഏറ്റെടുത്തത് മൂലമാണ് പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു പിഡബ്ല്യൂഡി എഞ്ചിനീയറുടെ വാദം. റോഡിലെ കുഴികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നും എഞ്ചിനീയര്‍ കോടതിയെ അറിയിച്ചു. ഈ വര്‍ഷം മാത്രമാണ് ഇത്തരത്തില്‍ റോഡ് എത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം.
റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാത്തതില്‍ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച കോടതി റോഡിലെ അറ്റകുറ്റപ്പണികളെല്ലാം ഇനി ഹര്‍ജി പരിഗണിക്കുന്ന ഒക്ടോബര്‍ 6നകം പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി.


