തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി സിപിഎം. സ്ഥാപിത താല്പര്യക്കാര് ചൂഷണത്തിന് ശ്രമിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ഹണി ട്രാപ്പ് ഉള്‍പ്പെടെ ഫോണ്‍ കുരുക്കുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് സ്റ്റാഫുകള്‍ക്ക് മേല്‍ പാര്‍ട്ടി നിയന്ത്രണം കര്‍ശനമാക്കിയത്.
നേരത്തെ മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടി നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. സ്റ്റാഫ് അംഗങ്ങള്‍ക്ക് പ്രവര്‍ത്തന രൂപരേഖയും നിര്‍ദേശവും നല്കി. സ്റ്റാംഫ് അംഗങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു.
ഫോണുകളിലെ സംസാരത്തിന് വലിയ ജാഗ്രത വേണം:
എല്ലാ ഒദ്യോഗിക കാര്യങ്ങളും ഫോണിലൂടെ നിയന്ത്രിക്കുന്ന നിലയുണ്ടാവരുത് എന്നാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. എന്താണ് പറയുന്നത് എന്നകാര്യത്തില്‍ ജാഗ്രത വേണം. പരാതികള്‍ ഫോണിലൂടെ കേള്‍ക്കുന്ന രീതി ആവശ്യമില്ല. പരാതികള്‍ രേഖാമൂലം എഴുതി വാങ്ങണം. ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഫോണ്‍വഴി നല്‍കരുത് എന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
കൂട്ടായ ചര്‍ച്ചകള്‍ വേണം:
മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തണം. ഓഫീസുകളുടെ പൊതുവിലുള്ള പ്രവര്‍ത്തനം പ്രൈവറ്റ് സെക്രട്ടറിമാര്‍ അറിഞ്ഞുകൊണ്ടാവണം. പ്രധാന കാര്യങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ വേണം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ പ്രത്യേക ഉത്തരവാദിത്വം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിക്കാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഓഫീസുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം ഇങ്ങനെ:
സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ ചുമതല മന്ത്രിമാരുടെ ഓഫീസുകള്‍ നിര്‍വഹിക്കണം. ഉദ്യോഗസ്ഥരെയും വകുപ്പ് മേധാവികളെയും യോഗം വിളിച്ച് തീരുമാനം നടപ്പാക്കുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനം. മാസത്തിലൊരിക്കലെങ്കിലും ഓഫീസ് ജീവനക്കാരുടെ യോഗം പ്രൈവറ്റ് സെക്രട്ടറി വിളിച്ചുചേര്‍ക്കണം. ഉയര്‍ന്ന തസ്തികയിലുള്ള ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആഴ്ചയിലൊരിക്കലെങ്കിലും കൂടിയിരുന്ന് ചര്‍ച്ച നടത്തണം. പ്രതിദിനം ഉയരുന്ന പ്രധാനപ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാന്‍ ഓഫീസിലെ ചുമതലക്കാര്‍ മുന്‍കയ്യെടുക്കണം എന്നിങ്ങനെയാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍.
ജീവനക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ഇങ്ങനെ:
ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പെരുമാറ്റത്തിനും പാര്‍ട്ടി മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. ഓഫീസില്‍ വരുന്നവരോട് ജീവനക്കാര്‍ നല്ലരീതിയില്‍ പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുജനങ്ങളുടെ പരാതികളില്‍ ശരിയായ ഇടപെടല്‍ ഉറപ്പാക്കണം. ജീവനക്കാര്‍ പുറത്തുപോകുമ്പോള്‍ അവര്‍ എവിടെയാണെന്ന ധാരണ ഓഫീസിന് വേണം. രാഷ്ട്രീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.


