എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് വധക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് പിടിയിലായത്. ചേലച്ചുവട്ടിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ ധീരജ് കുത്തേറ്റ് മരിച്ചത്. കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
ധീരജിനൊപ്പം കത്തേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളില്‍ തുടര്‍ ചികിത്സയിലാണ്. മൂന്ന് പേരുടെയും നെഞ്ചിലായിരുന്നു കുത്ത്.


