മാറുന്ന കാലത്തിനും സാങ്കേതികവിദ്യകള്‍ക്കുമനുസരിച്ച് സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയില്‍ മുന്നോട്ടു നീങ്ങുകയാണെന്ന് ഭക്ഷ്യ – പൊതുവിതരണ മന്ത്രി അഡ്വക്കറ്റ് ജി. ആര്. അനില്‍ പറഞ്ഞു. കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍ സപ്ലൈകോ ആര്‍ക്കൈവ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപ്ലൈകോയുടെ 48 വര്‍ഷത്തെ അനുഭവ സമ്പത്തും പരിചയവും മുതല്‍ക്കൂട്ടാക്കുകയും ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഔട്ട്ലെറ്റുകള് മുതല്‍ ഹെഡ് ഓഫീസ് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പുതിയകാലത്തിന് അനുസൃതമാക്കി മാറ്റുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളുടെ കൃത്യമായ വിതരണവും ഗുണനിലവാരവും ഉറപ്പുവരുത്തും. ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കും. ഇത്തരം നടപടികള്‍ സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും ഭാഗ്യ വിജയികളെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പും മന്ത്രി നിര്‍വഹിച്ചു.
സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്ജോഷി, ജനറല്‍ മാനേജര്‍ ശ്രീറാം വെങ്കിട്ടരാമന്, വിജിലന്‍സ് ഓഫീസര്‍ സി.എസ് ഷാഹുല്‍ഹമീദ്, അഡീഷണല്‍ ജനറല്‍ മാനേജര്‍മാരായ പി.ടി സൂരജ്, ആര്.എന്‍ സതീഷ്, ഷീബ ജോര്‍ജ്, സപ്ലൈകോ മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
സപ്ലൈകോ ആര്‍ക്കൈവ്സ്
48 വര്‍ഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, ശാസ്ത്രീയ സംഭരണ മാതൃകകള്‍, ഗുണനിലവാര പരിശോധന ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് ഉദ്ഘാടനം ചെയ്ത ആര്‍ക്കൈവ്സിലുള്ളത്. ജൂണ്‍ 25ന് പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍ക്കൈവ്സ് സജ്ജീകരിക്കുന്നത് .
ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനാ നടപടികളും സപ്ലൈകോ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരിചിതമാക്കുന്നതിനായാണ് ആര്‍ക്കൈവ്സ് തയ്യാറാക്കിയിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്ജോഷി അറിയിച്ചു. കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിലും സപ്ലൈകോയിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
ഭക്ഷ്യധാന്യങ്ങളുടെ ഈര്‍പ്പം പരിശോധിക്കുവാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട് എയര്‍ ഓവന്, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിള്‍ ഫര്‍ണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കുവാന്‍ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡര്‍, ഹോട്ട് പ്ലേറ്റ്, ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോര്‍ഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാന്പിളുകളും ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാര്‍ഗങ്ങളും വിശദമാക്കുന്ന വീഡിയോയും പ്രദര്‍ശനത്തിനുണ്ട്.
നറുക്കെടുപ്പ് വിജയികള്‍
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും, സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും ഭാഗ്യ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍ നടന്ന നറുക്കെടുപ്പില്‍ നറുക്കെടുപ്പ് നിര്‍വഹിച്ച ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വക്കറ്റ് ജി ആര് അനില്‍ 11 വിജയികളെ പ്രഖ്യാപിച്ചു. ഒരു ഗ്രാം സ്വര്‍ണം വീതമാണ് വിജയികള്‍ക്ക് നല്‍കുക. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 7 വരെ സപ്ലൈകോയിലെ വിവിധ വില്പനശാലകളില് നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയവരുടെ പേരാണ് സപ്ലൈകോ സമ്മാനമഴ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
ഒരു വനിത, ഒരു പുരുഷന് എന്നീ ക്രമത്തില്‍ മേഖലാതലത്തില്‍ രണ്ടുപേര്‍ക്ക് ഒരു ഗ്രാം സ്വര്‍ണം വീതമാണ് നല്‍കുക. നറുക്കെടുപ്പിലൂടെ വിജയികളായ ഉപഭോക്താക്കളുടെ പട്ടിക ചുവടെ.
തിരുവനന്തപുരം മേഖല: സരിത (ബാലരാമപുരം മാവേലി സ്റ്റോര്‍), ഷെരീഫ് (തമ്പാനൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്); എറണാകുളം മേഖല: ഷീജ കെ വി (മരട് സൂപ്പര്‍മാര്‍ക്കറ്റ്), എം പി വര്‍ഗീസ് (ചോറ്റാനിക്കര); പാലക്കാട് മേഖല- മുഹമ്മദ് ഷഫീഖ് (മുസ്ലിയാരങ്ങാടി, മലപ്പുറം), ഹാജറ സി എച്ച് (പടിഞ്ഞാറ്റുമുറി മാവേലി സ്റ്റോര്‍, മലപ്പുറം); കോഴിക്കോട് മേഖല- അതുല്യ കെ (കക്കയങ്ങാട്, കണ്ണൂര്‍), അംഷുല്‍ ജെപി (എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, കോഴിക്കോട്); കോട്ടയം മേഖല– പവിശങ്കര്‍ എസ് നായര്‍ (പൂങ്കാവ്, പത്തനംതിട്ട), ഓമന കെ എസ് (പൊന്‍കുന്നം, കോട്ടയം)
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നല്കിയ സമൃദ്ധി കിറ്റ് വാങ്ങിയവരുടെ നറുക്കെടുപ്പില്‍ കോട്ടയം കൂട്ടിക്കല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സമൃദ്ധി കിറ്റ് വാങ്ങിയ സീനത്ത് പാത്തുമ്മ വിജയിയായി.


