പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങള്‍ക്കും വില കൂടിയത്. ഇന്ധന വില വര്‍ധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
വന്‍പയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക് ഏറ്റവും വില കയറിയത്. കോഴിക്കോട്ടെ മൊത്തവില്പന കേന്ദ്രങ്ങളില്‍ ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 90 രൂപയായിരുന്ന വന്‍പയര്‍ ഇപ്പോള്‍ 110 രൂപ മുതലാണ് വില. മഞ്ഞള്‍ കിലോ 130 രൂപയില്‍ നിന്നും 150 ആയി. കടുക് പതിനഞ്ച് രൂപ കൂടി കിലോയ്ക്ക് 105 ആയി. 110 രൂപയുണ്ടായിരുന്ന മല്ലിക്ക് ഇന്നത്തെ വില 120. 85 രൂപയായിരുന്ന കടല 95 ആയി.
ഈ വിലയില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാര്‍ വില്‍ക്കുക. ഇത്ര വലിയ വര്‍ധനവ് ആദ്യമായിട്ടാണെന്നും മറ്റ് ഇനങ്ങള്‍ക്കും ഇനിയും വില കൂടിയേക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളൊക്കെ നീങ്ങി ഹോട്ടലുകള്‍ തുറക്കുകയും, വിവാഹ ചടങ്ങുകളടക്കം വീണ്ടും സജീവമായി തുടങ്ങുകയും ചെയ്യുമ്പോഴാണ് സാധാരണക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇരുട്ടടിയായി വിലകയറ്റം.


