ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ഗവര്‍ണര്‍ നില മറന്നു പെരുമാറുന്നുവെന്ന് സിപിഐഎം മുഖപത്രത്തില്‍ പറയുന്നു. ഗവര്‍ണറുടെ നടപടികളും പ്രതികരണങ്ങളും നിയമപരവും യുക്തിസഹവും അല്ലാതായിട്ട് കുറച്ചുകാലമായി. രാജഭവനില്‍ നിന്നുള്ള പ്രതികരണം സാമാന്യബോധം പോലും നഷ്ടപ്പെട്ട നിലയിലെന്നും കുറ്റപ്പെടുത്തല്‍.
ഭരണഘടന വിരുദ്ധമായ ഒരു നടപടിയും നിലനില്‍ക്കില്ല. ഗവര്‍ണര്‍ തുടരെ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അവഗണിക്കാവുന്നതല്ല. കേന്ദ്രസര്‍ക്കാറിന്റെ ചട്ടുകമായി ഗവര്‍ണറെ ഉപയോഗിക്കാനാണ് നീക്കമെങ്കില്‍ കേരളം വഴങ്ങില്ലെന്നും സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പറയുന്നു.
അതേസമയം മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാനാണ് സി.പി.ഐ.എം തീരുമാനം. ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കണമെന്നാവശ്യം മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.
സംസ്ഥാനചരിത്രത്തില്‍ ഇതുവരെ ഒരു ഗവര്‍ണറും നടത്തിയിട്ടില്ലാത്ത പ്രസ്താവനയാണ് ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയത്.തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ വരെ മടിക്കില്ലെന്ന പ്രസ്താവനയ്ക്കെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തി.


