മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും.
ദരിദ്രര്‍ക്കും മര്‍ദിത ജനവിഭാഗങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തിത്വമായിരുന്നു. മെത്രാപ്പോലീത്തയുടെ നവതി ആഘോഷത്തിലെ പ്രസംഗവും മോദി ട്വീറ്ററില്‍ പങ്കുവച്ചു. സാമൂഹിക തിന്മകള്ക്കെതിരെ പോരാടിയ ജീവിതമെന്ന് പിണറായി വിജയനും അനുസ്മരിച്ചു. സമൂഹത്തിലെ അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാന്സ്ജെന്ഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണമാണ്.
പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചെന്നും കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മതനിരപേക്ഷമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കിയത്.
സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മെത്രാപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ത്തോമ സഭയും സിനഡ് കൗണ്‍സിലും അല്പസമയത്തിനകം യോഗം ചേരുന്നുണ്ട്. പതിനൊന്ന് മണിയോടെ ചേരുന്ന യോഗം സംസ്കാര ചടങ്ങുകളുടെ സമയക്രമം നിശ്ചയിക്കും.


