നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീന് എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി. ജോസ് കെ മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ് ചെയര്‍മാന്‍സ്ഥാനം. ജോസ് കെ മാണി പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു.
ഏറ്റവും ശ്രദ്ധേയമായ മാറ്റം കാസര്‍ഗോഡ് ജില്ലയിലാണ്. ജുവല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ലീഗ് എംഎല്‍എ എം.സി ഖമറുദ്ദീനെ ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍മന്ത്രിയും ലീഗ് നേതാവുമായ സി.റ്റി അഹമ്മദാണ് പുതിയ ജില്ലാ ചെയര്മാന്. ഒപ്പം ജോസ് കെ മാണി മുന്നണിവിട്ടതോടെ, കോട്ടയം ജില്ലാ യുഡിഎഫ് ചെയര്മാന് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറി.
മോന്‍സ് ജോസഫ് എം എല്‍ എയാണ് ചെയര്മാന്. അതേസമയം, ജോസ് പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ മാത്രമാണ് ജോസഫ് വിഭാഗത്തിന് ചെയര്മാന് പദവി നല്‍കിയത്. മൂന്നുജില്ലകളില്‍ കണ്‍വീനര്‍ സ്ഥാനവും നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന് സ്വാധീനമുളള മേഖലകളില്‍, ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം.
അടുത്ത ആഴ്ച മുതല്‍ ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങി എല്ലാ നേതാക്കളും ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കാനാണ് നിലവിലെ തീരുമാനം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി പ്രദേശിക ഘടകങ്ങളെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം.


