വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് സംഘര്‍ഷ സാധ്യത. ഇത് വ്യക്തമാക്കി കളക്ടര്‍ ഇന്നലെ തന്നെ നടപടികള്‍ക്ക് ഉത്തരവിട്ടിരുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന് പരിധികളില്‍ മദ്യവില്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്.
അതേസമയം തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാര്‍ച്ചില്‍ കഴിയുന്നത്ര ആളുകളെ ഇടവകകളില്‍ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കുലറിലെ ആഹ്വാനം.
സമരത്തിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധനയാത്ര ഇന്ന് വിഴിഞ്ഞത്ത് സമാപിക്കും. രാവിലെ 8 മണിക്ക് അഞ്ചുതെങ്ങില്‍ ജനബോധനയാത്ര എത്തും. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ സ്വീകരണം നല്‍കാനാണ് തീരുമാനം. പ്രശാന്ത് ഭൂഷണ് തുറമുഖ വേദിയിലെ സമരവേദിയില്‍ എത്തുമെന്നാണ് വ്യക്തമാകുന്നത്. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ ഉപവാസ സമരവും തുടങ്ങുമെന്നും സമര സമിതി അറിയിച്ചിട്ടുണ്ട്.
21 ന് കൊച്ചി പോര്‍ട്ട് കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും. മറ്റ് ഹര്‍ബറുകള്‍ കേന്ദ്രീകരിച്ചും സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. സമരത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട് എന്നാണ് മനസിലാകുന്നതെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.