എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ ഉപാധികള്‍ വച്ച് രമേശ് ചെന്നിത്തല. പ്രവര്‍ത്തന കേന്ദ്രം കേരളത്തില്‍ തന്നെ വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചത്. കോണ്‍ഗ്രസ് പുനസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ എത്തിയ ചെന്നിത്തല ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി നടപടികള്‍ കൈക്കൊള്ളുന്നതില്‍ അതൃപ്തി അറിയിച്ചെന്നാണ് വിവരം. പാര്‍ട്ടി പുനസംഘടനയില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ചെന്നിത്തല ഡല്‍ഹിയിലെത്തുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടന്നു വരികയാണ്.
രമേശ് ചെന്നിത്തല എകെ ആന്റണിയുമായും കെസി വേണുഗോപാലുമായും കൂടികാഴ്ച്ച നടത്തും. കേരളത്തിലെ നേതൃമാറ്റത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് നിന്നുള്ള നേതാവിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്.


