ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തില്‍ പൂര്‍ണമായും തൃപ്തനാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
മനസിലെ എല്ലാ പ്രയാസവും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മാറി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണവും ചില ആശങ്കകളും രാഹുലിനോട് പങ്കുവച്ചു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പൂര്‍ണ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചു. താനും ഉമ്മന്‍ചാണ്ടിയും എന്നും ഹൈക്കമാന്റിനൊപ്പം നിന്നവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാജിയും എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കുമെന്നും പുതിയ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും രമേശ് പറഞ്ഞു.


