ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. അടുത്തമാസം അഞ്ചു മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സമ്മേളനം ജനുവരിയിലേക്ക് നീട്ടും. ഗവര്‍ണര്‍മാരുമായി തര്‍ക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
14 സര്‍വകലാശാലകളുടേയും ചാന്‍സിലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അടുത്ത മാസം അഞ്ചുമുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഓര്‍ഡിനന്‍സിലേതിനു സമാനമായി ഗവര്‍ണര്‍ക്കു പകരം അക്കാദമിക് വിദഗ്ധരെ ചാന്‍സിലര്‍മാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ആരംഭിച്ച് താല്‍ക്കാലികമായി പിരിയുന്ന സഭ ജനുവരിയില്‍ പുനരാരംഭിക്കുന്നത്. സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച ശേഷമായിരിക്കും പിരിയുക. സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരുമായി ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിക്കാണ് ചുമതല. ബംഗാള്‍, തമിഴ്നാട്, രാജസ്ഥാന് എന്നിവിടങ്ങളിലെ സാഹചര്യമാണ് പഠനവിധേയമാക്കുക.


