തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വല്‍ക്കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്കിയ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും തൊഴിലാളി യൂണിയനുകളും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കം തല്ക്കാലം തീര്‍പ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
എസ്എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി 2020ല്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍ നല്‍കിയത്. എന്നാല്‍ കൈമാറ്റം കഴിഞ്ഞ വര്‍ഷം നടന്ന സാഹചര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.