സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആറ് മാസത്തിനുളളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതോ നിര്‍മാണം പൂര്‍ത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷന് സരള്‍ രാസ്ത’ എന്ന പേരിലാണ് പരിശോധന.
റോഡുകളുടെ നിര്‍മാണം, ടാറിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഓപ്പറേഷന് രാസ്തയിലൂടെ വിജിലന്‍സ് ലക്ഷ്യമിടുന്നത്. ഒരേ സമയം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ പരിശോധനകള്‍ നടത്തി വരികയാണ്.
സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളടക്കം നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സിന്റെ നടപടി. പരിശോധനാ റിപ്പോര്‍ട്ട് എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറിയ ശേഷമാകും അന്തിമ നടപടികള്‍ തീരുമാക്കുക. വിജിലന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇഎസ് ബിജു പോള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം കോട്ടൂരിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് പരാമര്‍ശം നടത്തിയിരുന്നു. സിനിമാ പോസ്റ്ററുകള്‍ പോലും കണ്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ വിജിലന്‍സിന്റെ പരിശോധന എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണമെന്നാണ് ജനങ്ങളുടെ പ്രതികരണം.


