തൊടുപുഴ: ഇടുക്കി ജില്ലയിലെ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മാലിക്കുത്തിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന പുലിയെ പിടികൂടുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.
മാലിക്കുത്തില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് 7 ദിവസമായി. ക്യാമറ സ്ഥാപിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തതൊഴിച്ചാല്‍ പുലിയെ പിടിക്കുന്നതിന് ക്രിയാത്മകമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇത് മൂലം വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളാകെ കടുത്ത ഭീതിയിലാണ്. പ്രദേശത്ത് അടിയന്തിരമായി കൂട് സ്ഥാപിക്കുന്നതിനും പുലിയെ പിടികൂടുന്നതിനും ആവശ്യമായി നടപടികള്‍ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനുമായും ഡി.എഫ്.ഒ, വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവരുമായും എം.പി. ചര്‍ച്ച നടത്തി.
ജനസാന്ദ്രത കൂടതലുള്ള വാത്തിക്കുടി, പടമുഖം, മുരിക്കാശ്ശേരി, തോപ്രാന്‍കുടി എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി പറയുന്നു. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. വനമോ, വനാതിര്ത്തിയോ ഇല്ലാത്തതും ഇടുക്കി വന്യജീവി സങ്കേതത്തില്‍ നിന്നും 30 കി. മിറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലുമാണ് പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്. ജനങ്ങളുടെ ജീവനും സൈ്വര്യ ജീവിതവും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്വമാണ്. ജനവാസ മേഖലയില്‍ നിന്നും വന്യമൃഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും എം. പി. പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് പ്രത്യേകിച്ച് ജനവാസ മേഖലകളിലെ വന്യജീവി സാന്നിധ്യം ജനങ്ങളില്‍ ഏറെ ഭിതി ശ്രഷ്ടിച്ചിരിക്കുകയാണെന്നും എം.പി. പറഞ്ഞു.