കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങള്‍ സമ്മാനിച്ചത് കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള അല്‍ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. ചര്‍ച്ചക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു.
കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിച്ച് പുരോഗതിയിലേക്ക് നീങ്ങുന്നതും പരസ്പ്പരം വഴക്കിട്ട് സമയം കളയുന്നതും ഭരണാധികാരികളുടെ കയ്യിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
‘സമാധാനത്തോടെ ജീവിക്കാന്‍ പാക് ജനത ആഗ്രഹിക്കുന്നു. കശ്മീര്‍ പോലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഗൗരവവും ആത്മാര്‍ത്ഥവുമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ പരസ്പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കേണ്ടി വരും. ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ നടത്തി, അവ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നല്‍കിയത്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘പാകിസ്താന് സമാധാനമാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ കശ്മീരില്‍ നടക്കുന്നത് അവസാനിപ്പിക്കണം. ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്താന് ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ആണവശക്തികളാണ്. ഇനി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ ആരാണ് ജീവിച്ചിരിക്കുക?’.
കാശ്മീര്‍ വിഷയത്തില്‍ നിലവിലുള്ള ഇന്ത്യയുടെ നയം തിരുത്തണം എന്ന നിലപാട് കൂടി അദ്ദേഹം എടുക്കുന്നുണ്ട്. പക്ഷെ, പാകിസ്താന് ഭീകരര്‍ കാശ്മീരില്‍ നടത്തുന്ന ആക്രമണങ്ങളെപ്പറ്റി തന്ത്രപരമായ മൗനം പാലിക്കുകയാണ് ഷെരിഫ്.
കനത്ത സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് പാകിസ്താന് കടന്നുപോകുന്നത്. 2022 ലെ പ്രളയം രാജ്യത്തിന്റെ അടിത്തറ ഇളക്കിയിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം കടുത്ത ദാരിദ്ര്യവും ഇന്ധനക്ഷാമവും രാജ്യത്തെ വരിഞ്ഞുമുറുക്കി. പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുന്ന രാജ്യത്തില്‍ നിലവിലെ ഭരണത്തിനെതിരായ ജനങ്ങളുടെ അതൃപ്തി ഷെഹ്ബാസ് ഷെരിഫ് നേരിടുന്നുണ്ട്. തകര്‍ച്ചയില്‍ നിന്ന് ഐക്യരാഷ്ട്രസഭയോട് പാകിസ്താന് ആവശ്യപ്പെട്ടത് 130000 കോടിയുടെ ധനസഹായമായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി പണം നീക്കിവെക്കാന്‍ പാകിസ്താന് ആഗ്രഹിക്കുന്നില്ല എന്ന ഷെരിഫ് വ്യക്തമാക്കി.


