സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി പുതിയ നമ്പര്‍ സീരീസ്. KL 99 സീരീസ് നല്‍കാനാണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാര്‍ശ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഇത് നടപ്പിലാക്കും.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുതിയ സീരീസിലേക്ക് റീ-രജിസ്റ്റര്‍ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരീസിലാകും പുറത്തിറങ്ങുക.
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ നമ്പര്‍ സീരീസ് നടപ്പാക്കുന്നത്. സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡും ഔദ്യോഗിക തസ്തികയും പതിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും ഇതോടെ നിയന്ത്രണം വരും.
സര്‍ക്കാര്‍ വാഹനങ്ങളില്‍ കെ.എസ്.ആര്.ടി.സിക്കു മാത്രമാണ് പ്രത്യേക സീരിയല്‍ നമ്പരുള്ളത്. പുതിയ സീരിസിനായി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യണം. സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രത്യേക സീരീസില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ അവയുടെ കണക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ പക്കലില്ല. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ വാഹനങ്ങളില്‍ ബോര്‍ഡ് വയ്ക്കാന്‍ അനുവാദം. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പുറമേ സ്പെഷ്യല്‍ സെക്രട്ടറിക്ക് മുകളിലായി ഇത് പരിമിതപ്പെടുത്താനാണ് ആലോചന.

