തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് അധികാരം ഉറപ്പിച്ചു. ബിജെപി ഭരണം പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ നേടിയ സീറ്റ് നേടാനായില്ല. യുഡിഎഫ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച് എല്‍ഡിഎഫിന് 40, ബിജെപി 30, യുഡിഎഫ് 9 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.
തിരുവനന്തപും കോര്‍പ്പറേഷനില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ എല്‍ഡിഎഫും ബിജെപി സഖ്യവും തമ്മിലായിരുന്നു പോരാട്ടം. കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍പോലും വെല്ലുവിളി ഉയര്‍ത്തിയില്ല. കോര്പ്പറേഷന് ഭരണത്തിനെതിരായ വികാരം ജനങ്ങളില്‍ കാര്യമായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. സര്‍ക്കാരിനെതിരെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കിയെങ്കിലും തിരുവനന്തപുരത്ത് എല്‍ഡിഎഫിനെതിരെ അതൊന്നും ഫലം കണ്ടില്ല.
മുന്നേറ്റത്തിനിടെ അപ്രതീക്ഷിത തോല്‍വികള്‍ എല്‍ഡിഎഫിന് തിരിച്ചടിയായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലെ മേയര്‍ കെ. ശ്രീകുമാര്‍ കരിക്കകം വാര്‍ഡില്‍ തോറ്റു. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ട് വനിതകള്‍ക്കും തോല്‍വി നേരിട്ടു. കുന്നുകുഴി വാര്‍ഡില്‍ എ.ജി.ഒലീന, നെടുങ്കാട് വാര്‍ഡില്‍ എസ്.പുഷ്പലതയുമാണ് പരാജയപ്പെട്ടത്. അതേസമയം, മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജമീല ശ്രീധര്‍ പേരൂര്‍ക്കട വാര്‍ഡില്‍ വിജയിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടി.