മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി മൊഴി നല്‍കുന്നതിനായി ഇന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകും. രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ലഭ്യമായ ദൃശ്യങ്ങള്‍ വച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ഹോട്ടലുടമ റോയിക്ക് നിയമപരമായി നോട്ടീസ് നല്‍കിയത് ഡിജിപിയുടെ താക്കീതിനെ തുടര്‍ന്നാണ്. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യ സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഡിജിപിയുടെ ഇടപെടല്‍. ഹോട്ടലിലെ ഡിവിആര്‍ മാറ്റിയത് റോയ് ടെകനീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളില്‍ ആണെന്നും കണ്ടെത്തി. അതേസമയം ദൃശ്യങ്ങള്‍ മാറ്റിയെങ്കിലും എന്വിആറിന്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എന്‍വിആറിലെ ദ്യശ്യങ്ങള്‍ മാത്രമാണ്.
യുവതികളുമായി തര്‍ക്കമുണ്ടായ ദുശ്യങ്ങളാണ് ഡിവിആറിലുള്ളത്. തര്‍ക്കം നടക്കുമ്പോള്‍ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പൊലീസിന് ലഭിച്ചു. ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കു തര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പൊലീസ് നിഗമനം.
കുണ്ടന്നൂരില്‍ വെച്ച് ഷൈജുവാമായുള്ള തര്‍ക്കത്തിന് ശേഷമാണ് ഓവര്‍ സ്പീഡില്‍ ചേസിംഗ് നടക്കുന്നതെന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതിനിടെ കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുള്‍ റഹ്മാന് കോടതി ഇന്നലെ ജാമ്യം നല്‍കിയിരുന്നു. വൈകിട്ട് ജുഡീഷ്യല്‍’ കസ്റ്റഡിയില്‍ കാക്കനാട്ടെ ബോഴ്സ്റ്റല്‍ ജയിലേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്. സമയം വൈകിയതിനാല്‍ ഇന്നലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല.രാവിലെ ജാമ്യ ഉത്തരവ് ഹാജരാക്കിയ ശേഷം അബ്ദുള്‍ റഹ്മാന് പുറത്തിറങ്ങാനാവും. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ഇതേ കാരണം മൂലം ഇന്നലെ മൂന്ന് മണിക്കൂര്‍ മാത്രമാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോര്‍ട്ട്.


