എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസിന് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടം. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫി (38) ആണ് മരിച്ചത്. രാവിലെ 5.45 ഓടെയായിരുന്നു അപകടം.
അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍ വശത്ത് വച്ചാണ് അപകടമുണ്ടായത്. സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്ന് പിന്‍വശത്തിരുന്ന യാത്രക്കാരിയായ സെലീന റോഡിലേക്ക് വീണു. റോഡിലേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സൗദിയില്‍ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തി ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് സെലീന അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ലോര്‍ ബസുമാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസില്‍ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു ഇവര്‍.
ബസില്‍ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരില്‍ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.


