സംസ്ഥാനത്ത് മൂന്നു മണിക്കൂര്‍ കൂടി കനത്ത മഴ. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ കനത്ത മഴ പെയ്യും. വയനാടും കണ്ണൂരും യെലോ അലര്‍ട്, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. തിരുവനന്തപുരത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പാടില്ലെന്ന് കലക്ടര്‍ അറിയിച്ചു. റവന്യൂ മന്ത്രി കലക്ടര്‍മാരുടെ യോഗം വിളിച്ചു, യോഗം 1.30ന് ചേരും. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട വടശേരിക്കര വില്ലേജ് ഓഫിസിനു സമീപം വീട്ടിലെ കിണര്‍ ഇടിഞ്ഞു താണു. ഇടുക്കി ശാന്തിഗ്രാം റോഡില്‍ മണ്ണിടിഞ്ഞു. പാണ്ടിപ്പാറയ്ക്ക് സമീപം ഗതാഗതം തടസപ്പെട്ടു. കോട്ടയത്ത് തോടുകള്‍ കരകവിഞ്ഞു, വീടുകളില്‍ വെള്ളം കയറിത്തുടങ്ങി.
ഇടുക്കി പുല്ലുപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. തെന്മല പരപ്പാര്‍ ഡാമിലെ മൂന്നു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ ഉയര്‍ത്തി. അതിനിടെ, പത്തനംതിട്ട കണിച്ചേരിക്കുഴിയില്‍ ശക്തമായ വെള്ളപ്പാച്ചില്‍. മൂന്നു വീടുകള്‍ക്ക് കേട് വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറും ഒഴുകി നീങ്ങി.
പത്തനംതിട്ടയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി ആനത്തോട് ഡാമില്‍ ഇന്നലെ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷമാകും ഡാം തുറക്കുന്നതില്‍ തീരുമാനം എടുക്കുക.
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ: നവ് ജ്യോത് ഖോസ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്‍പ്പെടെയുള്ള യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. തിരുവനന്തപുരം ബാലരാമപുരം ഇടമനകുഴിയിലെ രണ്ടു വീടുകളിലെ കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. ഇടമനകുഴി സ്വദേശിനികളായ ബിന്ദു, ജയ എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും നിലവില്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് എല്ലാ ഷട്ടറുകളും 20 സെന്റി മീറ്റര്‍ കൂടി (മൊത്തം 240cm ) ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. നഗരപ്രദേശത്ത് മാറി നിന്ന മഴ വീണ്ടും തുടങ്ങി. കിഴക്കന്‍ മേഖലയില്‍ മഴ രൂക്ഷമാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനാപുരത്ത് മഴയില്‍ വീട് തകര്‍ന്നു. മാങ്കോട് സ്വദേശിയായ ദാസിന്റെ വീടാണ് തകര്‍ന്നത്. അഞ്ചല്‍ ആയൂര്‍ പാതയില്‍ റോഡ് തകര്‍ന്നു.
റോഡ് നിര്‍മാണം നടക്കുന്ന പെരിങ്ങള്ളൂര്‍ ഭാഗത്താണ് മണ്ണിടിഞ്ഞു വീണ് റോഡ് തകര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകി വീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. തീരമേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. ക്ലാപ്പന പഞ്ചായത്തില്‍ ചില വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. മയ്യനാട് താന്നി ഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.
കോട്ടയം മുണ്ടക്കയം ചെളിക്കുഴി, മുപ്പത്തിയൊന്നാം മൈലിലും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയിലാണ്. ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ വെള്ളക്കെട്ട്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. മുണ്ടക്കയം മുറികല്ലുംപുറം ആറ്റു തീരത്ത് പുറമ്പോക്ക് ഭൂമിയിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.


