തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നാടകീയമായി അറസ്റ്റു ചെയ്യാനുള്ള നീക്കവുമായി കസ്റ്റംസ് രംഗത്തുവന്നതോടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലുള്ള ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തെ ശിവശങ്കറിന്റെ വീട്ടില്‍ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആറു മണിക്ക് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ അറസ്റ്റു രേഖപ്പെടുത്താനായിരുന്നു കസ്റ്റംസിന്റെ തീരുമാനം നീക്കം. കസ്റ്റംസിന്റെ വാഹനത്തില്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞതോടെ ശിവശങ്കറിന് അറസ്റ്റ് മണത്തു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണ ശിവശങ്കറിനെ കസ്റ്റംസിന്റെ വാഹനത്തില്‍ കരമന പിആര്‍എസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലുള്ളത്.


