കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ ഇഡിക്ക് മുന്നില്‍ ഹാജരായ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ ഇന്നലെ രാത്രി മുഴുവനും തുടര്‍ന്നു. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കാരണങ്ങള്‍ പറഞ്ഞു അദ്ദേഹം ഹാജരായിരുന്നില്ല. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഐടി മാനേജര്‍, സീനിയര്‍ ഐടി ഓഫീസര്‍ എന്നിവരാണ് ഇന്നലെ രാവിലെ ഇഡിക്ക് മുന്നില്‍ ഹാജരായത്. എന്നാല്‍ സിഎംആര്‍എല്‍ എംഡിയായ ശശിധരന് കര്‍ത്തയുടെ മൊഴിയെടുക്കല്‍ നിര്‍ബന്ധമാണെന്ന നിലപാടിലാണ് ഇഡി. ഇഡി നോട്ടീസിനെതിരെ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല.
സിഎംആര്‍എല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്ലില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ മകള്‍ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി.