പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഇത് നരേന്ദ്രമോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. മോദിക്കൊപ്പം ചിത്രമെടുക്കാനായി ലോകനേതാക്കള്‍ ക്യൂ നില്‍ക്കുകയാണ്, ഭാവിയില്‍ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ഋഷികുല്‍ ആയുര്‍വേദ കോളജില്‍ വച്ച് നടത്തിയ നേത്ര കുംഭ് എന്ന പരിപാടിയില്‍ വച്ചാണ് തിരാത്ത് സിംഗിന്റെ പ്രഖ്യാപനം.
”ഇന്ന്, ലോകനേതാക്കള്‍ പ്രധാനമന്ത്രിക്കൊപ്പം ചിത്രമെടുക്കാന്‍ ക്യൂ നില്‍ക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിയെപ്പറ്റി ലോകനേതാക്കള്‍ ശ്രദ്ധിക്കാതിരുന്ന പഴയ കാലം പോലെയല്ല ഇത്. നരേന്ദ്രമോദി കാരണം ഈ സാഹചര്യം മാറി. ഇത് അദ്ദേഹം സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. പണ്ട്, രാമനും ഇതുപോലെ സമൂഹത്തിനായി നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ അദ്ദേഹത്തെ ദൈവമായി കണക്കാന് തുടങ്ങിയത്. അതുപോലെ, ഭാവിയില്‍ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയും ഇങ്ങനെ ആരാധിക്കപ്പെടും.”- തിരാത്ത് സിംഗ് പറഞ്ഞു.
കുംഭമേളയ്ക്ക് എല്ലാവര്ക്കും പങ്കെടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് പരിശോധനയോ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രജിസ്ട്രേഷനോ ഒന്നും വേണ്ട. ആളുകള്‍ക്ക് മേളയിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


