കോട്ടയം: പാലാ നഗരസഭയില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത. ബിനു പുളിക്കകണ്ടം എന്ന കൗണ്‍സിലറെ ചെയര്മാന് ആക്കാനാണ് സിപിഎമ്മില്‍ ഉണ്ടായ ധാരണ. എന്നാല്‍ ബിനുവിനെ അംഗീകരിക്കാന്‍ ആകില്ലെന്ന് കേരള കോണ്‍ഗ്രസ് എം നിലപാടെടുത്തതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്.
ബിനു ഒഴികെ മറ്റ് ഏത് സിപിഎം കൗണ്‍സിലറെ ചെയര്മാന് ആക്കിയാലും അംഗീകരിക്കാം എന്നും ജോസ് കെ മാണി സിപിഎം നേതാക്കളെ അറിയിച്ചു. കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജുവിനെ മുമ്പ് ബിനു മര്‍ദ്ദിച്ചതാണ് ഈ നിലപാടിന് കാരണം.
2021ലാണ് പാലാ നഗരസഭയില്‍ വച്ച് കേരള കോണ്‍ഗ്രസ് എംന്റെ പ്രതിനിധിയും നിലവില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ബിജു കൊല്ലംപറമ്പിലിനെ ബിജെപിയില്‍ നിന്ന് സിപിഐഎമില്‍ എത്തിയ ബിനു പുളിക്കകണ്ടം നഗരസഭയില്‍ വച്ച് പരസ്യമായി മര്‍ദ്ദിച്ചിരുന്നു. ഇത് വലിയ ചര്‍ച്ച ആയിരുന്നു.
നിലവിലെ ധാരണയനുസരിച്ച് നഗരസഭാ ഭരണം അഞ്ച് വര്‍ഷക്കാലയളവില്‍ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിനും മൂന്നാമത്തെ ഒരു വര്‍ഷം സിപിഐഎമിനും അടുത്ത പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ കേരള കോണ്‍ഗ്രസിനുമാണ്.
ആ ധാരണ അനുസരിച്ച് രണ്ടുവര്ഷങ്ങള് പൂര്‍ത്തിയായി. നിലവിലുള്ള ചെയര്മാന് ആയിരുന്ന ആന്റോ ജോസ് പടിഞ്ഞാറേക്കര കഴിഞ്ഞ ഡിസംബര്‍ 31ന് രാജിവെച്ചു. അടുത്ത ഊഴം ബിനു പുളിക്കകണ്ടത്തിന് ആ കൊടുക്കാമെന്നായിരുന്നു ധാരണ എന്നാണ് സിപിഐഎമിന്റെ നിലപാട്. എന്നാല്‍, ബിനു പുളിക്കണ്ടത്തെ ഒഴിച്ച് മറ്റ് ആരെ വേണമെങ്കിലും അംഗീകരിക്കാം എന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍, നിലവില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക സിപിഐഎം പ്രതിനിധിയാണ് ബിനു പുളിക്കകണ്ടം.


