തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടും വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞു. എന്നാല്‍ ഇരുവരേയും തള്ളി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രാദേശിക നീക്ക് പോക്കുണ്ടായിട്ടുണ്ടെങ്കില്‍ വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി. തെരഞ്ഞെടുപ്പില്‍ യു.ഡി.എ.ഫിന് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ലെന്നും മുല്ലപ്പള്ളി. എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനുമുള്ളത്. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി നല്‍കുന്നില്ല. പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ മുരളീധരന് എംപി പറഞ്ഞു. നിലവില്‍ മതേതര നയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കെന്നും കെ മുരളീധരന്. വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും എംപി.
വെല്‍ഫെയര്‍ പാര്‍ട്ടി- ആര്.എം.പി നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് എക്കാലത്തും വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൂടാതെ 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമെന്നും എം എം ഹസന്. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസന്.


