കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമാകും. കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് സംഘടനകള്‍. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പുതുതായി എത്തുന്ന വനിതാ പ്രതിനിധികള്‍ക്ക് പ്രത്യേക സൗകര്യം സിംഗു അതിര്‍ത്തിയില്‍ ഒരുക്കി.
അതിനിടെ സമരത്തിന് കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബി.ജെ.പി കര്‍ഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി ഇന്ന് തുടങ്ങും. ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം ഇന്നും തുടരും. ജയ്സിംഗ്പൂര് – ഖേര അതിര്‍ത്തിയില്‍ രാജസ്ഥാനില്‍നിന്നുളള കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. ഇവരെ ഡല്‍ഹിയിലേക്ക് ഹരിയാന പോലീസ് കടത്തി വിട്ടില്ല. അതേസമയം നിയമത്തെ അനുകൂലിക്കുന്ന കര്‍ഷക സംഘടനകളെ ഒരുമിച്ച് നിര്‍ത്തി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബി.ജെ.പി വിളിച്ച കര്‍ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് വിശദീകരിക്കാനാണ് യോഗം.
ഓള് ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട 10 സംഘടന നേതാക്കളുമായി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇത്തരം ചര്‍ച്ചകള്‍ ഇനിയുണ്ടാകുമെന്ന് സൂചന.


