എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി വരരുതെന്ന നിലപാടില്‍ ഉറച്ച് മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതില്‍ തെറ്റില്ല. കരാറുകാരും ഉദ്യോഗസ്ഥരും പല തട്ടിപ്പുകളും നടത്തുന്നുണ്ട്. സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തിയില്‍ തെറ്റുണ്ടെന്ന് പറഞ്ഞ് എംഎല്‍എയ്ക്ക് വരാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ കാര്യവുമായി വരുന്നത് ശരിയല്ല. ഇത്തരം ഇടപാടുകളില്‍ പങ്കാളിയാവരുതെന്ന് പറഞ്ഞതില്‍ തെറ്റില്ല.
താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പോലും പിറകോട്ട് പോകില്ല. താന്‍ നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് ചില എംഎല്‍എമാര്‍ പ്രതികരിച്ചു എന്ന വാര്‍ത്ത ശരിയല്ല. ആലോചിച്ച് തന്നെയാണ് താന്‍ തീരുമാനം പറഞ്ഞത് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് എഎന്‍ ഷംസീര്‍ എംഎല്‍എ,സുമേഷ് എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ വിമര്‍ശനം ഉന്നയിച്ചതായും വിമര്‍ശനം ഉയര്‍ന്നതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു.


