രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. 1947ല്‍ ഓഗസ്റ്റ് 15 അര്‍ധരാത്രി ഇന്ത്യ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ഒരുമയോടെ പടപൊരുതിയതുകൊണ്ടാണ് വിദേശഭരണത്തില്‍ നിന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിവിധ മത-ജാതി വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ആചാര, സംസ്കാര, ഭാഷാ ഭക്ഷണ ഭേദങ്ങള്‍ മറന്ന് ഒരേ വികാരമായി ഇന്ത്യക്കാരായി നിലകൊണ്ടു. വൈവിധ്യങ്ങള്‍ക്കിടയിലെ ഏകസ്വരമായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ പ്രത്യേകത. ഒരുമിച്ച് നില്‍ക്കണമെന്ന ഉള്വിളിയില് നിന്നാണ് മനുഷ്യര്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തു ചാടിയത്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാം ഒരുപാട് മുന്നോട്ടു പോയി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി നമുക്ക് ലഭിച്ചു. സ്വതന്ത്ര ഇന്ത്യക്കായി പോരാടിയത് ആയിരങ്ങളാണ്… ഭഗത് സിംഗ്, സരോജിനി നോയിഡു, സുഭാഷ് ചന്ദ്രബോസ്, ഝാന്‍സി റാണി, അക്കാമ്മ ചെറിയാന്, എ.നാരായണപിള്ള, മഹാത്മ അയ്യങ്കാളി, കേരള ഝാന്‍സി റാണിയെന്ന ആനി മസ്ക്രീന്, പട്ടം താണുപിള്ള, സി.കേശവന്, ടി.എം.വര്‍ഗീസ് തുടങ്ങിയവര്‍ക്ക് പുറമെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ അണിനിരന്ന പേരോ, മുഖമോ ഇല്ലാത്തവര്‍, സ്വാതന്ത്ര്യ സമരഭൂവിലെ സാധാരണക്കാര്‍, രക്തസാക്ഷികള്‍… സ്വതന്ത്ര്യ ഇന്ത്യയില്‍ കാലുറപ്പിച്ച് നില്ക്കുമ്പോള് ഇവരെ ഓര്‍ക്കാതെ ഈ ദിനം കടന്നുപോകരുത്…


