ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും സന്ദേശവുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന മലയാളിക്ക് ഗൃഹാതുരത്വത്തിന്റെയും നന്മയുടെയും പൊന്‍കണി ആണ് വിഷു. കാര്‍ഷിക സമൃദ്ധിയുടെ പോയകാല സ്മരണകള്‍ ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും. കൊവിഡ് ഭീതി ഇക്കുറി മാറി നില്ക്കുന്നതിനാല് ആഘോഷങ്ങള്‍ വീടുകള്‍ക്ക് പുറത്തേക്കുമുണ്ടെന്ന പ്രത്യേകതയുമുണ്ട്. പൊതുവിടങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തവണ നിയന്ത്രണങ്ങളില്ല.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച് മുണ്ടും പൊന്നും കണിവെളളരിയും കണിക്കൊന്നയും അടയ്ക്കയും നാളികേരപാതിയും ശ്രീകൃഷ്ണ വിഗ്രഹവും ഒക്കെ വിരുക്കി മലയാളി കുടുംബങ്ങള്‍ കണികാണാനുളള കാത്തിരിപ്പിലായിരുന്നു… രാത്രി ഉറങ്ങും മുന്‍പേ കണികാണനുളളതെല്ലാം വീട്ടിലെ മുതിര്‍ന്നയാള്‍ ഒരുക്കി വെക്കും…
കണികണ്ടാല്‍ പിന്നെ പ്രധാനം കൈനീട്ടത്തിനാണ്. വര്‍ഷം മുഴുവന്‍ സമ്പല്‍സമൃതിയും ഐശ്വര്യവും ആഗ്രഹിച്ചാണ് കൈനീട്ടം നല്‍കുന്നത്. വിഷുസദ്യയിലെ വിഭവങ്ങളും ഈ ദിവസം തിന്മേശ നിറക്കും. സദ്യകഴിഞ്ഞാല്‍ പിന്നെ കുട്ടികളുടെ നേരമാണ്. നിറപ്പകിട്ടാര്‍ന്ന വിഷുപഠക്കങ്ങള് ആഘോഷത്തെ സജീവമാക്കും.
കൊവിഡ് ആശങ്കകള്‍ ഒഴിഞ്ഞുളള ആദ്യവിഷു എന്ന പ്രത്യേകതയാണ് ഇത്തവണയുളളത്. വീടുകളിലെ ഒത്തുചേരലുകള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ സാഹചര്യമൊരുങ്ങുകയാണ്.


