കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. രാജ്യ പുരോഗതിയില്‍ മറ്റ് കുട്ടികളെ പോലെ മുസ്ലിം പെണ്‍കുട്ടികള്‍ക്കും സംഭാവന നല്കാന് കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിയ്ക്ക് പിന്നാലെയാണ് കേരള ഗവര്‍ണറുടെ പ്രതികരണം.
ഹിജാബ് വിഷയത്തില്‍ ഇടക്കാല വിധി ആവര്‍ത്തിക്കുകയാണ് ഹൈക്കോടതി ചെയ്തത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തില്‍ അവിഭാജ്യ ഘടകമല്ല ഹിജാബ് എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്ജിയിന്മേലാണ് വിധി.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു.
പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. അതേസമയം ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉഡുപ്പി കോളജ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.